Wednesday, March 29, 2006

Inn Keeper

Day and Night, Guests of honor
Visit my inn, Never failing once
Know when to leave, Having stayed too long
Gift me their dearest, Dawn and Dusk.

I lose myself, with Day and Night
I search for my self, At Dawn and Dusk

കുട്ടിക്കളികള്‍

ഓടിക്കളിക്കണം, ഓണങ്ങളുണ്ണണം
ഓടിത്തളരുമ്പോള്‍, ഓര്‍മ്മകള്‍ പൂക്കണം.
**
കവടികള്‍ നിരത്തുന്നതെന്തിന്നു വൃഥാ
കണ്ണുപൊത്തിക്കളിയല്ലേ ജീവിതം.
**
അടുക്കിയ കല്ലുകളേഴും തട്ടിയിട്ടിട്ടു
വീണ്ടുമൊന്നടുക്കുകില്‍, ഹാ വിജയിച്ചു ഞാന്‍.
**
ആരോ വരച്ചിട്ട കളങ്ങളില്‍ ഒറ്റക്കാലില്‍ ചാടി
കക്കു കളിക്കും ഇരുകാലികള്‍ നമ്മള്‍

Tuesday, March 28, 2006

കുഞ്ഞുണ്ണി മാഷ്‌ - 2

അടുത്ത ഇന്ത്യ സന്ദര്‍ശനത്തില്‍ വലപ്പാട്ടു്‌ ചെന്നു്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാലോ എന്നാലോചിച്ചുകൊണ്ടിരിക്കുമ്പോള്‍, സൂഫി കവി റൂമിയുടെ ഈ വരികള്‍ കണ്ണില്‍ പെട്ടു. (ഏകദേശ തര്‍ജ്ജമ):

"മണ്മറയും മഹാത്മാക്കളെ
മണ്ണിലല്ല തേടേണ്ടു
മനുഷ്യ മനസ്സിലല്ലോ"

മാഷിന്റെ അര്‍ത്ഥഗര്‍ഭമായ രണ്ടുവരിളും നാലുവരികളും എന്നും മലയാളിയുടെ ഹൃദയത്തില്‍ അമര്‍ത്ത്യമായി കുടികൊള്ളും എന്നാശ്വസിക്കട്ടെ.

Monday, March 27, 2006

കുഞ്ഞുണ്ണി മാഷ്‌

മാഷോട്‌ വിട, മാഷിന്റെ വരികളിലൂടെ.

കാക്ക പാറിവന്നു, പാറമേലിരുന്നു
കാക്ക പാറിപ്പോയി, പാറ ബാക്കിയായി.

അടിക്കുറിപ്പ്‌ - ബ്ബ്ലോഗിലെ അക്ഷരത്തെറ്റുകള്‍ കാണാനിടയായെങ്കില്‍, പിടിചു തിരുമ്മാന്‍ ബ്ബ്ലോഗിനു ചെവിയില്ലല്ലോ എന്നു മാഷു വിലപിച്ചേനേ.

Silence

Silence covered me, head to toe
Not like a blanket, dark and dreary
Not like a light, blinding and torching.
It was an embrace, warm and touching
Offering a shoulder, to rest my thoughts.

Saturday, September 17, 2005

Of What Shape My Soul ?

Of what shape my soul?

A speck of life hiding in a sperm
The big awareness spreading head to toe
A quiet burning wick of flame
Turning into a roaring fire, at time of waking.

A tiny string, vibrating forever
Curled up in the many dimensions of space.
A foetus in mother's womb
Kicking and moving, oblivious of worlds beyond.

The morning dew, balancing life
On the tip of a blade of grass
Transparent and reflecting
Blue skys and a rising sun.

A drop of tear, that hung from
An eyelash, long and beatiful
Hiding within it, the pains of a heart
From whence the words had fled.

Of what shape my soul?

Tuesday, June 21, 2005

മുത്തശ്ശി - 2

ശിഥിലമാം നാലുകെട്ടിന്നകത്തളങ്ങളില്‍ വീണ്ടും
ഉണരുന്നുവോ ജീവന്റെ സ്വച്ഛമാം പദനിസ്വനം
ഇരുളിന്‍ പടവിറങ്ങീടുമാത്മാവിനെ നനുത്ത
വിരല്‍ സ്പര്‍ശത്താല്‍ തൊട്ടുണര്‍ത്തീടുന്നതാരോ?

കേള്‍ക്കുന്നുവോ ഉണ്ണിക്കുട്ടനോടിക്കളിക്കുന്ന ശബ്ദം
ഉമ്മറത്താരോ ഈണത്തോടു ചൊല്ലുമീരടികളും
കോലായില്‍ ശബ്ദങ്ങളിടകലര്‍ന്നുയരും നാമജപം
പടിപ്പുരയില്‍ നിന്നുയരുമുറച്ച മെതിയടിശ്ശബ്ദം

മച്ചില്‍നിന്നരിപ്രാവിന്റെ കുറുകലും ചിറകടിയും
പാടത്തെ പണികഴിഞ്ഞെത്തും ചെറുമിതന്‍ പ്രാക്കും
കാവിലെ മരക്കൂട്ടത്തില്‍ കാറ്റിന്റെ കുശലം പറച്ചിലും
ശാന്തമുറങ്ങും നാട്ടിന്‍പുറത്തിന്‍ മന്ദമാം ഹൃദയസ്പന്ദവും

വേണ്ട, പടുതിരികത്തിയണഞ്ഞ വിളക്കില്‍
‍വീണ്ടുമൊരുതിരികൊളുത്തി വേദനയേറ്റിടല്ലേ
നിശ്ശബ്ദതയിലെന്‍ ചുമടിറക്കട്ടെ ഞാന്‍, അലിയട്ടെ
സ്നേഹമോടെന്നെ പുണരുമിരുളിന്റെ മാറില്‍

Saturday, June 18, 2005

മുത്തശ്ശി

പടരും കരിമേഘങ്ങളിരുട്ടിന്നാക്കം കൂട്ടി
ചറുപിറുചെറുമഴയിറയത്തു താളം ചവുട്ടി
ഗതിയറിയാതെ പായുന്നു ചടുലമാം മിന്നല്‍
ഉരുണ്ടുരുണ്ടെത്തുന്നു മേഘത്തിന്‍ ഗര്‍ജ്ജനങ്ങള്‍

മുറ്റത്തിരുട്ടിലേയ്ക്കെത്തിനോക്കുന്നു പലവട്ടം
കാത്തിരുപ്പാലക്ഷമയായപോല്‍ ദീപനാളം
ചുവരിലെ നിഴലില്‍ പതുങ്ങുന്നു പല്ലികള്‍
‍കാത്തിരിക്കും മരണത്തിന്‍ നിശ്ശബ്ധകിങ്കരന്മാര്‍

രുദ്രാക്ഷമാലയില്‍ കാലചക്രം കറങ്ങുന്നു
ചുണ്ടില്‍ നാമജപം മനസ്സറിയാതുതിരുന്നു
ജീവിതം കണ്ടുതളര്‍ന്ന കണ്ണുകളിമപൂട്ടി
ചാരുകസേരയില്‍ ദീര്‍ഘം നിശ്വസിച്ചൂ മുത്തശ്ശി

ഒരുനാളിതുപോലൊരു സന്ധ്യാനേരത്തെന്റെ കുട്ടി
വര്‍ഷം മറന്ന ഭൂമിയ്ക്കു ചാറല്‍മഴയിതെന്നപോല്‍
ഓടിമറയും സായന്തനത്തിന്‍ ഇത്തിരിവെട്ടത്തില്‍
‍നിഴലില്‍ നിന്നുണരും രൂപമെന്നപോലെത്തുകില്ലേ?

സ്നേഹം തുളുമ്പുന്ന കണ്‍കളില്‍ നിശ്ശബ്ധമുറ്റുനോക്കവേ
കല്ലായുറഞ്ഞ ദു:ഖങ്ങള്‍ക്കശ്രുകളാല്‍ മോക്ഷമായീടുമോ?
മുടിയഴിച്ചിട്ടുറങ്ങിയ തെയ്യങ്ങളുണര്‍ന്നെത്തി വീണ്ടും
മുറ്റത്തുറഞ്ഞാടി കളിയാട്ടങ്ങള്‍ക്കു കളമൊരുക്കീടുമോ?

തുളസ്സിത്തറയില്‍ വിളക്കു പടുതിരികത്തിയണഞ്ഞു
തെക്കേപ്പറമ്പില്‍ മാവിലകള്‍ കാറ്റത്തു കൂട്ടം കരഞ്ഞു
യത്രയ്ക്കിറങ്ങവേ ഓര്‍മ്മകളുടെ ചെറുഭാണ്ഡത്തില്‍ പാഥേയം
സാഫല്യമടയാത്തൊരെന്‍ വാത്സല്യവും ചെറുദു:ഖങ്ങളും.

ചിന്താശകലങ്ങള്‍

മാറാടും ഗുജറാത്തും
******************
മനുഷ്യന്‍ മനുഷ്യനെക്കൊല്ലാന്‍
‍മദമൊരു കാരണം
മതവും ഒരു കാരണം
മദംകൊണ്ടു മതിമറന്നവനേതു മതം?

വിശ്വാസവും ജ്ഞാനവും
*******************
വിശ്വാസിക്കവിശ്വാസി ദു:ഖം
അവിശ്വാസിക്കു വിശ്വാസി ദു:ഖം
അജ്ഞാനിയ്ക്ക്‌ ജ്ഞാനി മോക്ഷം
ജ്ഞാനിയ്ക്കജ്ഞാനിയും ദൈവം

ഈശ്വരന്‍
********
ഈശ്വരനു പേരിട്ടിട്ടാപേരിന്‍ പേരില്‍
പോരു നടത്തീട്ടാ പോരിന്‍ പേരില്‍
‍അധര്‍മം വാഴിച്ചീടിനവരില്‍
ആര്‍ക്കു സ്വര്‍ഗ്ഗം മാളോരേ?

ഭാഷകള്‍
*******
ലോകകാര്യം പറവതിനെ-
നിക്കെത്രയോ ഭാഷകള്‍
‍എന്നെകുറിച്ചെന്നോടോതാന്‍
മൌനമെന്നൊരു ഭാഷമാത്രം

മരണം
******
മരണം
നമ്മുടേതല്ലാത്തതെല്ലാം
നമുക്കില്ലാതാക്കുന്ന സത്യം

ലക്ഷ്യം
******
അര്‍ത്ഥം കളഞ്ഞിട്ടര്‍ത്ഥം തേടണം
അര്‍ത്ഥത്തിന്നപ്പുറമുള്ളത്‌ നേടണം

മാര്‍ഗ്ഗം
******
പാതയില്ലാത്തിടത്ത്‌*
യാത്രയുമില്ല,
വഴികാട്ടിയുമില്ല.

(*Truth is a pathless land - J.Krishnmurthy)

ഞാന്‍
****
എന്റെയുള്ളില്‍ ഒരു നൂറു 'ഞാന്‍' ഉണ്ട്‌
പിന്നെ, ഞാനറിയാത്ത ഒരു ഞാനും

Monday, June 13, 2005

പുതിയ പഴമൊഴികള്‍

അക്ഷരം തെറ്റിയാലും
ആശയം തെറ്റരുത്‌
**
അറിവിന്‍ കെടാവിളക്കിലെ
അക്ഷയസ്നേഹമാവണം അക്ഷരങ്ങള്‍
അല്ലെങ്കില്‍ അവയും ക്ഷരം
**
ഉപദ്രവിക്കാന്‍ ഉപദേശിക്കരുത്‌
ഉപദേശിച്ച്‌ ഉപദ്രവിക്കയുമരുത്‌
**
നാലുവരികളില്‍ പറയാനാവാത്തത്‌
നാലു ജന്മങ്ങള്‍ കൊണ്ടും പറഞ്ഞാവില്ല
**

പ്രാവുവളര്‍ത്തുകാര്‍

ഞാന്‍ മൂന്നിലോ നാലിലോ പഠിക്കുന്ന കാലം. വീട്ടിനടുത്തൊരു വയലുണ്ട്‌. വേനല്‍ക്കാലത്ത്‌ സെവന്‍സ്‌ ഫൂട്ബാള്‍,സൈക്കിള്‍ യജ്ഞം മുതലായവ അരങ്ങേറാറുള്ള local entertainment arena എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. വയലിന്റെ വക്കില്‍ ഒരു വീട്ടില്‍ പ്രാവു വളര്‍ത്തല്‍ വിനോദമാക്കിയ ഒരാള്‍ താമസിച്ചിരുന്നു. അയാളുടെ പക്കല്‍ മെരുക്കിയെടുത്ത കുറെ നല്ല ഇനം പ്രാവുകളും. അയാളവയെ, പുള്ളി, ചെമ്പ എന്നൊക്കെ ഓമനപ്പേരിട്ടു വിളിക്കും.

മിക്കവാറും വൈകുന്നേരങ്ങളില്‍,അയാള്‍ ഈ പ്രവുകളെ കൂട്ടില്‍ നിന്ന് തുറന്നു പറക്കാന്‍ വിടും. എന്നിട്ടു കയ്യടിച്ചും, വിസിലടിച്ചും ഇവയെ കഴിയുന്നത്ര മേലോട്ടു പറത്തും. പിന്നെ ഞങ്ങള്‍ കുട്ടികളുടെ ഇടയിലും, ബാക്കി കാണികളുടെ ഇടയിലും തര്‍ക്കമാവും. ദൂരേ, പൊട്ടുകള്‍ പോലെ കാണുന്ന പ്രാവുകളില്‍ എതാണു 'പുള്ളി', എതാണു 'ചെമ്പ', ആരാണേറ്റവും ഉയരത്തില്‍ പറക്കുന്നത്‌ എന്നൊക്കെ. അതിനിടെ ഈ പ്രാവുവളര്‍ത്തുകാരന്‍ അയാളുടെ വക expert comments ഇടക്കിടെ പാസ്സാക്കും.."പുള്ളിയെ തോല്‍പ്പിക്കാന്‍ ഒരു പ്രാവിനും ആവില്ല..അവളു സ്പെഷലാ..". കുറെ പറന്നു കഴിഞ്ഞിട്ടു ഈ പ്രാവുകള്‍ തിരികെ വരും. അപ്പോള്‍ അവയില്‍ ഏറ്റവും ഉയരത്തില്‍ പറന്ന പ്രാവിനെ ഇയാള്‍ കെട്ടിപിടിക്കും, ഉമ്മ വെക്കും. അയാളുടെ മുഖത്തെ സന്തോഷവും, അഭിമാനവും വിവരിക്കാന്‍ എളുപ്പമല്ല. പിന്നെ, അയാള്‍ ചെയ്യുന്ന വേറൊരു കാര്യവുമുണ്ട്‌. കാട എന്നു വിളിക്കുന്ന ഒരു തരം കാട്ടിനം പ്രാവുകളെ എങ്ങാനും കണ്ടാല്‍, അയാള്‍ ഉടനെ സ്വന്തം പ്രാവുകളെ തിരിച്ചു വിളിച്ചു കൂട്ടിലടക്കും. കാരണം ചിലപ്പോള്‍ കൂട്ട്‌ കിട്ടിയാല്‍ ഈ മെരുക്കിയെടുത്ത പ്രാവുകള്‍, കാടപ്രാവിന്റെ കൂടെ എങ്ങോട്ടെങ്ങിലും പറന്നുകളയും. ഈ പ്രാവുവളര്‍ത്തുകാരന്‍ അങ്ങനെ ഞങ്ങളുടെ ഒക്കെ ഒരു ഹീറോ ആയിരുന്നു. ഒരു വിധത്തില്‍ നോക്കിയാല്‍, ഇയാള്‍ കുട്ടികളുടെ ഹീറോ മാത്രമല്ല, ഇന്നത്തെ എല്ലാ മാതാപിതാക്കളുടേയും ഒരു മാത്രുകാപാത്രം തന്നെ.

ഒന്നാലോചിച്ചു നോക്കു. നമ്മള്‍ നമ്മുടെ കുട്ടികളെ വളര്‍ത്തുന്നു, കൂടുതല്‍, കൂടുതല്‍ ഉയരങ്ങളിലേക്ക്‌ പറക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. കൂട്ടുകെട്ടുകള്‍ നിയന്ത്രിക്കുന്നു. ഏറ്റവും ഉയരത്തില്‍ എത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ സന്തോഷം കൊണ്ടു മതിമറക്കുന്നു. ഏറ്റവും ഉയരത്തില്‍ പറന്നതു തന്റെ മക്കളാണെന്നു തെളിയിക്കാന്‍ കോടതി കയറിയിറങ്ങുന്നു. ചിലപ്പോള്‍ പ്രിന്റിംഗ്‌ പ്രസ്സില്‍ ചെന്നു ചോദ്യകടലാസ്സുകള്‍വരെ ചോര്‍ത്തുന്നു. മത്സരബുദ്ധി വളര്‍ത്തി, സഹപാഠികളെ copmetitors ആയി മാത്രം കാണാന്‍ പരിശീലിപ്പിക്കുന്നു. 'പറക്കുന്ന'തിലും പങ്കുകൊള്ളുന്നതിലും മാത്രം സന്തോഷം കണ്ടെത്തുന്ന കുട്ടികള്‍ക്ക്‌ ഈ വെപ്രാളത്തിന്റെ അര്‍ത്ഥം മനസ്സിലാവുന്നുണ്ടോ?. ഉയരങ്ങളിലെ എകാന്തതയും, ആ എകാന്തത അവര്‍ക്കു നല്‍കുന്ന വേദനകളും മാതാപിതാക്കള്‍ അറിയുന്നുണ്ടോ?

നമ്മള്‍ക്ക്‌ നല്ല അച്ഛനമ്മമാരായാല്‍ മാത്രം പോരേ? പ്രാവുവളര്‍ത്തുകാരാകണോ?